Thursday 15 September 2016

ഓണപ്പൂക്കൾ..ഓർമ്മപ്പൂക്കൾ..

നമുക്ക് നഷ്ടപ്പെട്ട ഇനി തിരിച്ചുവരാത്ത ഒരു ഭൂതകാലത്തിന്റെ ഓർമ്മപ്പെടുത്തലുകൾ ആണല്ലോ ഓണം.
ഗൃഹാതുരുത്വമുണർത്തുന്ന ഒരുപിടി ഓർമ്മചിത്രങ്ങൾ സമ്മാനിച്ചിരുന്നു കുട്ടിക്കാലത്തെ ഓണം നമുക്ക്. പാടത്തും തൊടിയിലും പൂവിളിയും പൂക്കൂടയും കൊണ്ട് മണ്ടി നടന്ന ബാലികാബാലന്മാർ. അവരുടെ സൂക്ഷ്മവിരലുകൾ കൊണ്ട് മാത്രം വേർപെടുത്താൻ കഴിയുന്ന കുഞ്ഞുപൂക്കൾ നിറഞ്ഞ കുറ്റിച്ചെടികൾ. തുമ്പയും മുക്കുറ്റിയും ബാൾസവും പിന്നെ പേരറിയാത്ത ഒട്ടനവധി കൊച്ചുപൂക്കളും... അവ ഇക്കുറിയും മുളച്ചുപൊങ്ങിയിരുന്നു .. ഇനിയുണ്ടാക്കാൻ സാധ്യതയില്ലാത്ത സൂക്ഷ്മമായ കൈവിരലുകളുടെ സ്പർശനവും കാത്ത്.. അത്തരം ചില ഓണക്കാഴ്ചകൾ ....

തുമ്പപ്പൂ...
                                                     
മുക്കൂറ്റി
പേരറിയാത്ത ചില പൂക്കൾ

ഇന്ന് ഇവ കമ്പോളത്തിലെ പൂക്കൾക്കു വഴിമാറിയിരിക്കുന്നു. ഒരു കമ്പ്യൂട്ടർ ഡിസൈൻ പോലെ മനോഹരമായ ഓണപ്പൂക്കളം ഇന്ന് നമുക്ക് ക്ഷണികനേരം കൊണ്ട് ഉണ്ടാക്കിയെടുക്കാം. ചെണ്ടുമല്ലി, ജമന്തി, ഉണ്ടമല്ലി എന്നിവയുടെ ഒരു പാറ്റേൺ ഡിസൈനിങ് ആണ് ഇന്ന് പൂവിടൽ. (നാളെ അതിനായി ഒരു തന്നെ മെഷീൻ തന്നെ ഉണ്ടായേക്കാം) 

 ജൈവികത നഷ്ടപ്പെട്ട ഇന്നത്തെ  പൂക്കളങ്ങൾക്കു  ഒരു സെൽഫിയുടെ വിലയും ആയുസ്സും മാത്രമേ  ഉള്ളു  എന്ന് എനിക്ക് തോന്നാറുണ്ട്... ജീവിതകാലം നിലനിൽക്കുന്ന ഓർമ്മകൾ അവ നമ്മുടെ കുട്ടികൾക്ക് നൽകുമോ എന്ന ചോദ്യം നമുക്ക് തല്ക്കാലം സൗകര്യപൂർവം  മാറ്റിനിർത്താം അല്ലേ ? ഹാപ്പി ഓണം....