മാതൃകാവിദ്യാലയം അഥവാ മോഡൽ സ്കൂൾ എന്റെ ആൽമ മാറ്റർ. പ്രധാന കവാടത്തിലൂടെ ഞാൻ അകത്തേക്കു നടക്കുകയാണ്. ആർത്തലക്കുന്ന ആരവങ്ങളില്ല, ഓടിയും ചാടിയും, മുദ്രാവാക്യം വിളിച്ചും വിരാചിക്കുന്ന ബാല്യകൌമാരങ്ങളില്ല. അഞ്ചു മുതൽ പത്തു വരെ ഉള്ള ഓരോ ക്ലാസ്സുകളിലും ചുരുങ്ങിയത് പത്തോളം ഡിവിഷനുകൾ, ഓരോ ഡിവിഷനിലും ചുരുങ്ങിയത് അമ്പതോളം കുട്ടികൾ. അങ്ങനെ മൂവായിരത്തോളം മീശ കുരുത്തതും അല്ലാത്തതും ആയ പയ്യന്മാർ, സ്വാതന്ത്ര്യത്തിന്റെ സ്വച്ഛവായു ശ്വസിച്ചു ബാല്യത്തിൻറെ പ്രസരിപ്പിൽ തുള്ളിച്ചാടി ചവിട്ടി നടന്ന മണൽതരികൾ. അവരുടെ എത്രയെത്ര രഹസ്യങ്ങൾ പറയാനുണ്ടാകും ആ ക്ലാസ്സ് റൂമുകൾക്ക്. അവരുടെ എത്രയെത മോഹങ്ങൾക്കും മോഹഭംഗങ്ങൾക്കും മൂകസാക്ഷിയാണ് അവിടത്തെ ചുമരുകൾ, ക്രിക്കറ്റിനും, പന്തുകളിക്കും പ്രായത്തിന്റെ സ്വതസിദ്ധമായ വികൃതികൾക്കും, ഇരകളാകേണ്ടി വന്ന എത്രയെത്ര കഥകൾ പറയാനുണ്ടാകും ടീച്ചേർസിനും, ജീവനക്കാർക്കും, എന്നുവേണ്ട സമീപത്തെ വീട്ടുകാർക്കും സ്ഥാപനങ്ങൾക്കും....
ഈ കഴിഞ്ഞ ഞായറാഴ്ച (10/4/2016) യാദൃശ്ചികമായി ഇവിടെ എത്തി കണ്ടതും അറിഞ്ഞതുമായ കാഴ്ചകൾ എന്റെ കണ്ണ് നനയിപ്പിച്ചു. 99 ൽ SSLC പരീക്ഷ റിസൾട്ടും വാങ്ങി യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ ഉണ്ടായ അതെ അവസ്ഥയിൽ നിത്യതയിലേക്ക് നിശ്ചലമായ ഒരു ദുരന്ത ചിത്രം പോലെ മോഡൽ ബോയ്സ്. അടിസ്ഥാനസൌകര്യങ്ങൾ, മൂത്രപ്പുര, സ്റ്റാഫ് റൂം മിക്ക ക്ലാസ്സുമുറികളിലെയും ബെഞ്ചുകളും ഡസ്കുകളും, ബ്ലാക്ക് ബോർഡും എല്ലാം എല്ലാം. ഏതാനും വർഷങ്ങൾക്കു മുമ്പ് നൂറ്റിഎഴുപത്തഞ്ചാം (അതെ 175!) വാർഷികം ആഘോഷിച്ച , ഏകദേശം ഒന്നര
പതിറ്റാണ്ട് കാലം മാത്രം മുമ്പ് ഞങ്ങൾ (മൂവായിരത്തോളം കുട്ടികൾ ) മദിച്ചു
നടന്ന, ഞങ്ങളുടെ സ്വകാര്യ അഹങ്കാരമായിരുന്ന പാഠശാലയിൽ ഇപ്പോൾ വരുന്നത് വെറും നൂറോ നൂറ്റമ്പതോ മാത്രം വരുന്ന കുട്ടികൾ. അന്നത്തെ എന്റെ നീല BSA SLR അവസാനമായി പാർക്ക് ചെയ്ത എൽ ഷേപ്പ് ബിൽഡിങ്ങിനു പുറകിലുള്ള സൈക്കിൾ ഷെഡിന്റെ മേല്ക്കൂര കാലഘട്ടത്തെ അടയാളപ്പെടുത്തി തുരുമ്പെടുത്ത് പകുതി പൊളിഞ്ഞു കിടക്കുന്നു. ഓർക്കണം 1999 മുതൽ 2016 വരെ ഉള്ള കാലഘട്ടത്തിൽ പൊതുജീവിതത്തിലും, അടിസ്ഥാനസൌകര്യങ്ങളിലും, സാമ്പത്തികസ്ഥിതിയിലും ഉണ്ടായ മാറ്റങ്ങൾ. ടെക്നോളജിയും ജീവിതസൌകര്യങ്ങളും ഇത്രയതികം മാറിയ ഈ സാഹചര്യത്തിൽ അനിവാര്യമായ മാറ്റങ്ങളോടുള്ള എന്റെ സ്കൂളിന്റെ ചെറുത്തുനിൽപ്പ് എന്നെ അത്ഭുതപെടുത്തുന്നു. ആരാണ് ഈ ദുരവസ്ഥയ്ക്ക് ഉത്തരവാദി ?
MBOSAT (Model Boys Old Students Association Thrissur) എന്ന പൂർവവിദ്യാർഥി സംഘടന നടത്തി വന്ന ഒരു സമ്മേളനത്തിന്റെ ബാനറുകൾ യാദൃശ്ചികമായി കണ്ടപ്പോൾ ഒന്ന് കയറിയതാണ്. 4 വർഷം മുമ്പ് 2012 ൽ ആണ് ഈ സംഘടന രൂപം കൊള്ളുന്നത് എന്നറിയാൻ കഴിഞ്ഞു.സ്കൂളിന്റെ പുനരുദ്ധാരണത്തിനായി ഒരു ചെറിയ ശ്രമം ഈ സംഘടന നടത്തുന്നുണ്ട്. എൽ ഷേപ്പ് ബിൽഡിംഗിന്റെ ക്ലാസ്സ് റൂമുകളെങ്കിലും (പഴയ പത്താം ക്ലാസ്സ് ) വൃത്തിയാക്കി വെച്ചിരിക്കുന്നു. പുതിയ വിദ്യാർഥികളെ ആകർഷിക്കാനായി ചില മിനുക്കുപണികൾ ഒക്കെ ചെയ്തിരിക്കുന്നു. എന്റെ അജ്ഞത മൂലം ഇതു വരേയുള്ള ഇതിന്റെ പ്രവർത്തികളെ വിവരിക്കുവാൻ ഞാൻ യോഗ്യനുമല്ല.
എന്നിരുന്നാലും നാശത്തിലേക്ക് കൂപ്പുകുത്തുന്ന ഈ വിദ്യാലയത്തെ എളിയ രീതിയിലെങ്കിലും കൈ പിടിച്ചുയർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന സംഘടനയുടെ പ്രവർത്തനങ്ങൾ അത്യതികം ശ്ലാഘനീയമാണ് എന്ന് പറയേണ്ടിയിരിക്കുന്നു.
ഞാൻ മുമ്പേ ഉന്നയിച്ച ചോദ്യത്തിലേക്ക് വീണ്ടും വരുന്നു. വെറും ഒരു വ്യാഴവട്ടക്കാലത്തിനുള്ളിൽ എന്താണ് ഈ വിദ്യാലയത്തിനു സംഭവിച്ചത്?
സ്വകാര്യവൽക്കരണം, പൊതുവിദ്യാഭ്യാസത്തിൽ വന്ന സർക്കാരുകളുടെ താത്പര്യക്കുറവ്, നവസാമ്പത്തികശാസ്ത്രത്തിലെ ഇമ്മാതിരി വിദ്യാഭ്യാസ മോഡലിന്റെ പ്രാധാന്യമില്ലായ്മ, തിടുക്കം കൂട്ടി നല്ലവണ്ണം നടപ്പാക്കാതെ പോയ ചില പരിഷ്കാരങ്ങൾ (DPEP പോലുള്ളവ ഓർമ വരുന്നു ), വിദ്യാർഥി രാഷ്ട്രീയം ഇല്ലാതായത് (അത് മൂലം എന്ത് തീരുമാനവും മാനേജുമെന്റുകൾക്ക് എടുക്കാം എന്ന അവസ്ഥ ), കെടുകാര്യസ്ഥത , ഏതെങ്കിലും പ്രത്യേക സ്ഥാപിതതാല്പ്പര്യമുള്ളവരുടെ ഇടപെടൽ ഇങ്ങനെ പലതും മനസ്സിൽ ഉയര്ന്നു പൊങ്ങുന്നു. പക്ഷെ പിന്നെയും ഉത്തരങ്ങളേക്കാളേറെ ചോദ്യങ്ങളുയരുന്നു.കഴിഞ്ഞ ഒന്നര പതിറ്റാണ്ടിൽ ലോകം ഒരുപാട് മുന്നോട്ടോടിയപ്പോൾ ഈ മാതൃക വി ദ്യാലയം മാത്രം എങ്ങനെ പുറകോട്ടോടി? അതും ഇത്രയധികം. ഒരു പക്ഷെ എല്ലാം കേൾക്കുന്ന ചുമരുകളെ തഴുകിപ്പറക്കുന്ന കാറ്റിൽ അവയ്ക്ക് ഉത്തരങ്ങൾ ഉണ്ടാകാം?
അവ എന്ത് തന്നെ ആയാലും ഉത്തരങ്ങളേക്കാൾ നമുക്കാവശ്യം മുന്നോട്ടു ചലിക്കാനുള്ള ആശയങ്ങളാണ്. അതാണ് ഇതിന് ഇന്ധനം. ഒരു ചെടി നശിച്ചു പുതിയതൊന്നിനു വളമാകുന്നത് പോലെ, ഒരു മുള പൊട്ടി വളർന്നു പന്തലിച്ചു മറ്റൊരു വന്മരമാകുന്നതു പോലെ പുതിയ നാമ്പുകൾ ഇവിടെ പിറക്കട്ടെ.. സഹൃദയരുടെ ശ്രമങ്ങൾക്ക് അതിന് ആവശ്യമായ താങ്ങും തണലും ആയിത്തീരാൻ സാധിച്ചിരുന്നെങ്കിൽ എന്ന് മനസ്സ് ആഗ്രഹിച്ചു പോവുന്നു. ഗ്രീഷ്മത്തിന്റെ കാഠിന്യത്താൽ തളർച്ചയാൽ കൂമ്പി നില്ക്കുന്ന ആ മഹാതരുവിൻ തടത്തിൽ ഒരു തുള്ളി ജലം നേരാൻ നമുക്ക് കഴിയട്ടെ...
എന്നെ ഞാൻ ആക്കി മാറ്റിയ എൻറെ സ്കൂളിന് പ്രണാമം ..
എന്നെ ഞാൻ ആക്കി മാറ്റിയ എൻറെ സ്കൂളിന് പ്രണാമം ..